Thursday, August 20, 2009

അമ്മമ്മയുടെ സ്വന്തം അപ്പുക്കുട്ടന്‌,

അമ്മമ്മയുടെ സ്വന്തം അപ്പുക്കുട്ടന്‌,
വീടിണ്റ്റെ നാലു ചുവരുകള്‍ ക്കുള്ളില്‍, ടിവി ക്കും കമ്പ്യൂട്ടറിനും മുമ്പില്‍ മാറിമാറി ചടഞ്ഞുകൂടിയിരിക്കുന്ന അപ്പുവിനെ ഈ അമ്മമ്മയുടെ അകക്കണ്ണു കൊണ്ട്‌ ഇങ്ങ്‌ നാട്ടിലിരുന്നും കാണാന്‍ കഴിയുന്നുണ്ട്‌...ഒരു ചിറകുണ്ടായിരുങ്കില്‍! എങ്കില്‍ കുന്നുകളും മലകളും സമുദ്രങ്ങളും താണ്ടി ഈ അമ്മമ്മ കുട്ടനടുത്ത്‌ പറന്നെത്തുമായിരുന്നു. എന്നിട്ട്‌ ഒത്തിരി കഥകള്‍ പറഞ്ഞുതന്ന്‌ വായനയുടെ ലോകത്തേക്ക്‌ മോനെ മെല്ലെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു.

ന്തെങ്കിലും വായിച്ചാല്‍ പോരാ!
നല്ലതു തന്നെ വായിക്കണം

എങ്ങനെയെങ്കിലും വളര്‍ന്നാല്‍ പോരാ.. !
നന്നായി തന്നെ വളരണം.

മനസ്സില്‍ എപ്പോഴും ശാന്തിയും സന്തോഷവും
സ്നേഹവും സൂക്ഷിച്ചു വയ്ക്കണം.
ലോകത്തിനു മുഴുവന്‍ അതു പകര്‍ന്നു കൊടുക്കാനും കഴിയണം
പണ്ട്‌ അമ്മമ്മയുടെ ചെറുപ്പകാലത്ത്‌ റ്റി വി യോ കമ്പ്യൂട്ടറോ ഒന്നൂം ഉണ്ടായിരുന്നില്ല.മുതിര്‍ക്ളാസ്സുകളിലെ കുട്ടികള്‍ക്കു മാത്രമെ പാഠ പുസ്തകങ്ങള്‍ പോലും ഉണ്ടായിരുന്നുള്ളു.അതുകൊണ്ട്‌ പഠിക്കാന്‍,പോലും ആരും പറയുമായിരുന്നില്ല. കുട്ടികളായ ഞങ്ങളെല്ലാവരുംഎപ്പോഴും അങ്ങനെ കളിച്ചു നടക്കും.പ്രകൃതി രമണീയമായിരുന്നു ഞങ്ങളുടെ ഗ്രാമം.അലുക്കിട്ട പമ്പാനദി,പച്ചവിരിപ്പിട്ട' കുന്നുകള്‍,കൃഷിയിടങ്ങള്‍, ആഴം കുറഞ്ഞ ധാരാളം തേടുകള്‍ പുരാധന തറവാടുകള്‍,അമ്പലങ്ങള്‍,ദേവാലയങ്ങള്‍.. .
നദീതീരങ്ങള്‍ പൊതുവെ സമതല പ്രദേശങ്ങളാണെങ്കിലും മറ്റുഭാഗങ്ങളില്‍ കുന്നുകളും പാറക്കെട്ടുകളുമായിരുന്നു കുന്നുകള്‍ താണ്ടിയും,കൃഷിയിടങ്ങളില്‍ ഓടിക്കളിച്ചും ആഴം കുറഞ്ഞ തോടുകളില്‍ മുങ്ങിക്കുളിച്ചും പാറകളിലൂടെ ഊര്‍ന്നിറങ്ങിക്കളിച്ചും ഞങ്ങളങ്ങനെ ദിവസം മുഴുവന്‍ നടക്കും.ക്ഷീണിക്കുമ്പോള്‍ തണല്‍ വൃക്ഷങ്ങള്‍ക്കടിയിലിരുന്നു കഥകള്‍ പറയും
.ഒരിക്കല്‍ അങ്ങനെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്‌ 'സുന്ദരിയമ്മൂമ്മ'ഞങ്ങളുടെ 'കുഞ്ഞുലോകത്തേക്ക്‌' വടിയും കുത്തി കടന്നു വന്നത്‌ .
കഥയുടെ ഒരു മായാപ്രപഞ്ചം തന്നെ അവര്‍ ഞങ്ങളുടെ മുമ്പില്‍ തുറന്നു വച്ചു അമ്മൂമ്മ പറഞ്ഞുതന്ന കഥകളാണ്‌ അപ്പുക്കുട്ടനു വേണ്ടി അമ്മമ്മ പറയാന്‍ പോകുന്നത്‌.മോന്‍ അങ്ങു കണ്ണെത്താ ദൂരത്തല്ലെ?അമ്മമ്മ ഇവിടിരുന്നു പറഞ്ഞാല്‍ എങ്ങനെ കേള്‍ക്കും. ഇതാ ഇങ്ങനെ വായിച്ചോളൂ. ഓ.... മോന്‍...വായിക്കാറായിട്ടില്ലല്ലൊ!!!!പിന്നെന്തുചെയ്യും.പപ്പയോടും മമ്മിയോടും വായിച്ചുതരാന്‍ പറയണം. കേട്ടോ,,

മക്കളെ സ്നേഹിക്കുന്ന അമ്മമാര്‍ വായിച്ചറിയാന്‍



മക്കളെ സ്നേഹിക്കുന്ന അമ്മമാര്‍ വായിച്ചറിയാന്‍

നമ്മുടെ കുഞ്ഞുങ്ങള്‍ ,ഓര്‍മ്മവക്കുന്ന നാള്‍ മുതല്‍ കാണുന്നതും കേള്‍ക്കുന്നതും,അനുഭവിക്കുന്നതുമായ കാര്യങ്ങള്‍ അവരുടെ ഉപബോധമനസ്സില്‍ സംഭരിച്ചു വയ്ക്കും. ഭാവിയില്‍ അവരില്‍നിത്ഭവിക്കുന്ന വിചാരങ്ങളും ,വാക്കുകളും,പ്രവര്‍ത്തികളും അവരുടെ ഉപബോധമനസ്സിണ്റ്റെ ഘടനയെ ആശ്രയിച്ചിരിക്കും.

നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളുടെ അതിപ്രസരണത്തിലൂടെ തെറ്റായ പലചിന്താഗതികളും കുഞ്ഞുങ്ങളുടെ മനസ്സിലേക്ക്‌ 'പ്രോഗ്രാം' ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

നന്‍മകളെക്കാള്‍ ശക്തിയോടെ തിന്‍മകള്‍ തലച്ചോറിലേക്ക്‌ ആഞ്ഞു പതിക്കുകയെന്ന
ത്‌ മനുഷ്യണ്റ്റെ അടിസ്ഥാന സ്വഭാവമാണ്‌.

കുഞ്ഞുങ്ങളെ, കുഞ്ഞുങ്ങളെപ്പോലെ ചിന്തിക്കാനും,പ്രവര്‍ത്തിക്കാനും അനുവധിക്കാതെ,പ്രായമായവരെപ്പോലെചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും പ്രേരിപ്പിക്കപ്പെടുതിണ്റ്റെ ഫലമായി,നിഷ്ക്കളങ്കത അവരെവിട്ടകലുന്നു.

നന്‍മതിന്‍മകളെ വേര്‍തിരിച്ച്‌ ചോരുളക്കൊപ്പം വാരിക്കൊടുക്കാന്‍ നമ്മള്‍ സമയം കണ്ടെത്തുന്നുമില്ല.
വാത്സല്യ നിധിയായ ഒരമ്മയോ,അമ്മൂമ്മയോ പറഞ്ഞു കൊടുക്കുന്ന കുഞ്ഞുകഥകളിലൂടെയും,കവിതകളിലൂടെയുമാണ്‌ ആദ്യമായി കുഞ്ഞ്‌ ജീവിതയാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കി തുടങ്ങുത്‌.
മക്കള്‍ നല്ലവരായി വളരണമെന്ന്‌ നാമെല്ലാം ആഗ്രഹിക്കുന്നുമുണ്ട്‌...എങ്കില്‍ ഈ അമ്മൂമ്മയുടെ കഥകള്‍ വായിച്ചു കൊടുക്കൂ...... തിന്‍മകള്‍ നിറഞ്ഞ ഒരു ലോകത്തുനിന്നും നന്‍മകള്‍നിറഞ്ഞ ഒരുലോകത്തേക്ക്‌ നമുക്കവരെ കൂട്ടിക്കൊണ്ടു പോകാം.. .കഥ പറഞ്ഞു കൊടുക്കുന്ന രീതിയില്‍ വായിച്ചു കൊടുക്കണം

Monday, August 17, 2009

പണ്ട്‌ പണ്ടൊരു രാജ്യത്ത്‌



  

പണ്ട്‌ പണ്ടൊരുരാജ്യത്ത്‌ പ്രജാ തല്‍പ്പരനായ ഒരു രാജാവുണ്ടായിരുന്നു. ആ രാജ്യത്തെ ജനങ്ങളെല്ലാം പൊതുവെ സന്തോഷവാന്‍മാരായിരുന്നു.അങ്ങനെയിരിക്കെ, പെട്ടെന്നുണ്ടായ ഒരു കാലവര്‍ഷക്കെടുതിയില്‍ അവരുടെ കൃഷിയെല്ലാം നശിക്കുകയും രാജ്യത്തെ ജനങ്ങള്‍ പട്ടിണിയിലാകുകയും ചെയ്യ്തു. നല്ലവനായ രാജാവ്‌ ആകെ വിഷമത്തിലായി.അദ്ദേഹം മന്ത്രിമാരെ വിളിച്ചു എന്നി
ട്ട്‌ അവരോടു പറഞ്ഞു




"രാജ്യത്തെ ജനങ്ങളെല്ലാം പട്ടിണികൊണ്ട്‌ വലയുകയാണ്‌
.നമുക്ക്‌ എന്തുചെയ്യാന്‍ കഴിയും? പക്ഷെ രാജ്യത്തിണ്റ്റെ സമ്പത്തായ കുഞ്ഞുങ്ങള്‍ ഒരിക്കലും വിശന്നു വലയാന്‍ ഇടയാകരുത്‌. അതുകൊണ്ട്‌ ഇന്നു മുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഈ കൊട്ടാരത്തില്‍ നിന്നും റൊട്ടി ദാനം ചെയ്യുവാന്‍ നാം കല്‍പിക്കുന്നു".
അങ്ങനെ ദിവസവും കുട്ടികള്‍ റൊട്ടിക്കായി കൊട്ടാരത്തിലേക്കു വന്നു തുടങ്ങി.കുട്ടികളല്ലേ, ഏറ്റവും വലിയ റൊട്ടി ആദ്യം കൈക്കലാക്കാനായി എന്നും തിക്കും തിരക്കും തന്നെ. തണ്റ്റെ രാജ്യത്തിണ്റ്റെ ഭാവിപൌരന്‍മാരെ രാജാവ്‌ രഹസ്യമായി വീക്ഷിക്കുവാന്‍ തുട
ങ്ങി.കൂട്ടത്തില്‍ ഒരു പെണ്‍ കുട്ടിയെ രാജാവ്‌ പ്രത്യേകം ശ്രദ്ധിച്ചു


ഒട്ടും ആര്‍ത്തികാണിക്കാതെ കുട്ടയില്‍ അവശേഷിക്കുന്ന അവസാനത്തെ റൊട്ടിക്കഷണവുമായി അവള്‍ നടന്നു നീങ്ങും.

ഒരു ദിവസം പതിവുപോലെ അവള്‍ ഏറ്റവും ചെറിയ റൊട്ടിയുമെടുത്ത്‌ വീട്ടിലേക്കു മടങ്ങി.റൊട്ടി മുറിച്ചപ്പോള്‍ അവളുടെ മാതാപിതാക്കള്‍ അത്ഭുതപ്പെട്ടു പോയി.അതില്‍ നിറയെ സ്വര്‍ണ്ണ നാണയങ്ങള്‍!!!!!. സത്യസന്ധരായ ആപാവങ്ങള്‍ സ്വര്‍ണ്ണനാണയവുമായി കൊട്ടാരത്തിലേക്കോടി.രാജാവ്‌ അവരോടു പറഞ്ഞു"നിങ്ങള്‍ തീര്‍ച്ചയായും വരുമെന്ന്‌ എനിക്കറിയാമായിരുന്നു. നല്ലവരായ മാതാപിതാക്കളുടെ മക്കളും നല്ലവരായിരിക്കുമല്ലോ? ഈ സ്വര്‍ണ്ണനാണയങ്ങള്‍ നിങ്ങളുടെ മകളുടെ സല്‍ സ്വഭാവത്തിനുള്ള എണ്റ്റെ വക സമ്മാനമാണ്‌.അവള്‍ വിനയമുള്ളവളും,തെല്ലും സ്വാര്‍ത്ഥതയില്ലാത്തവളും ആണ്‌.
തമ്മില്‍ തമ്മില്‍ സ്നേഹിക്കുകയും,ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ജനങ്ങളെയാണ്‌ ഈ രാജ്യത്തിണ്റ്റെ ഭാസുര ഭാവിക്കാവശ്യം".രാജാവ്‌ പറഞ്ഞു നിര്‍ത്തി.അദ്ദേഹം ആകൊച്ചു പെണ്‍ കുട്ടിയെ നോക്കി പുഞ്ചിതൂകി. ''







അപ്പുക്കുട്ടാ, ഈ ലോകം എത്ര സുന്ദരമാണ്‌.ഈശ്വരന്‍, നമുക്കായി ഒരുക്കിയിട്ടിരിക്കുകയാണ്‌!!പക്ഷേ അതു ആസ്വദിക്കുവാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നുവരികയില്ല.മനസ്സില്‍നന്‍മയുള്ളവര്‍ക്ക്മാത്രമെ സാധിക്കുകയുള്ളു.ഈ പ്രപഞ്ചം മുഴുവനിലും ഈശ്വരസാന്നിദ്ധ്യം നിറഞ്ഞു നില്‍ക്കുന്നു.സഹജീവികളില്‍ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ നമുക്കു ചുറ്റുമുള്ള എല്ലാവരേയും,സ്നേഹിക്കുവാനും അംഗീകരിക്കുവാനും നമുക്കു സാധിക്കും.സ്നേഹം മനസ്സിനു സന്തോഷവും സമാധാനവും തരുംവന്നാലും അതൊക്കെ അപ്രധാനമെന്ന്‌ നിനക്കു തോന്നും. നല്ലകാര്യങ്ങളൊക്കെ ചെറുപ്പത്തില്‍ത്തന്നെ ശീലിക്കണം.പ്രപഞ്ച സൌന്ദര്യത്തേയും സമാധാനത്തേയും നീ നിണ്റ്റെയുള്ളില്‍ ഒളിപ്പിച്ചു വച്ചാല്‍,പുറമെ നിന്ന്‌ എന്തൊക്കെ പ്രശ്നങ്ങള്‍ "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ ,മാനുഷനുള്ളകാലം"കേട്ടിട്ടുണ്ടോ?പിന്നെ വലുതായി കഴിഞ്ഞാല്‍ ജീവിത പ്രശ്നങ്ങളെ ഒറ്റക്കു നേരിടാന്‍ നമുക്കു കഴിയും
അരയന്നങ്ങളുടെ വീട്‌ട്‌

കുഞ്ഞിക്കിളിയും എറുമ്പും


കുഞ്ഞിക്കിളിയും എറുമ്പും



കാ ട്ടില്‍
പട്ടു ചേല വിരിച്ച പോലൊരു ചെറു തടാകം.
തടാകത്തിലേക്ക്‌ചാഞ്ഞുകിടക്കുന്നമരച്ചില്ലയിലായിരുന്നു,കുഞ്ഞിക്കിളിയുടെ കൂട്‌.

പച്ചപ്പുല്ല്‌ പടര്‍ന്നു കിടക്കുന്ന തടാകക്കരയില്‍ ധാരാളം മൃഗങ്ങളും ഒത്തു കൂടുമായിരുന്നു.
തടാകത്തിലെ നീല ജലത്തില്‍ ധാരാളം മത്സ്യങ്ങള്‍ !!!
അമ്മക്കിളി ആഹാരം തേടി പോകുന്ന തക്കം നോക്കി കുഞ്ഞിക്കിളി, എന്നുംകൂട്ടില്‍ നിന്നും പുറത്തിറങ്ങും
തെളിഞ്ഞ നീലാകാശവും,ഇളം വെയിലും,പച്ചക്കാടുകളും കാട്ടിലെ കൂട്ടുകാരും കുഞ്ഞിക്കിളിക്ക്‌ ഒത്തിരി സന്തോഷം പകര്‍ന്നു നല്‍'കി.

ഒരിക്കല്‍ അവന്‍ തടാകക്കരയിലിരുന്ന്‌ നീലജലാശയത്തില്‍ തത്തിക്കളിക്കുന്ന മത്സ്യങ്ങളുമായി സല്ലപിച്ചുകൊണ്ടിരിക്കുകയായിരുന്നു.അതാ! ഒരു എറുമ്പ്‌ മരത്തില്‍ നിന്നു തടാകത്തിലേക്ക്‌ പതിക്കുന്നു!അത്‌വെള്ളത്തില്‍ കിടന്ന്‌ കൈകാലിട്ടടിച്ച്‌ രക്ഷപ്പെടുവാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.കുഞ്ഞിക്കിളിക്കു സങ്കടം വന്നു. അവന്‍ പെട്ടെന്ന്‌ മരത്തില്‍ നിന്നും ഒരില പൊട്ടിച്ചെടുത്ത്‌ തടാകത്തിലേക്കിട്ടു കൊടുത്തു. എറുമ്പ്‌ ആ ഇലയിലേക്ക്‌ നീന്തി കയറി.

എവിടെ നിന്നൊ ഒഴുകിയെത്തിയ മന്ദമാരുതന്‍ ജലാശയത്തില്‍ ഓളങ്ങള്‍
സൃഷ്ടിച്ചു.ഓളങ്ങള്‍ ഇലയെ കരയോടടുപ്പിച്ചു.

എറുമ്പ്‌ നന്ദിയോടെ കുഞ്ഞിക്കിളിയെ നോക്കി.കുഞ്ഞിക്കിളിയുടെ മനസ്സ്‌ സന്തോഷം കൊണ്ടു നിറഞ്ഞു.മുഖത്ത്‌ സംതൃപ്തി കളിയാടി.അവന്‍ കൂട്ടിലേക്ക്‌ പറന്നു ആഹാരവുമായി അമ്മ അപ്പോള്‍ അവനെ കാത്തിരിക്കുകയായിരുന്നു.
നന്‍മചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒരിക്കലും പാഴാക്കരുത്‌. അതു നമ്മള്‍ക്ക്‌ സന്തോഷവും സമാധാനവും നല്‍കും

Monday, August 3, 2009

കേശുവും രാക്ഷസനും




കേശുവിണ്റ്റെ വീട്‌ രാക്ഷസന്‍

കേശുവും രാക്ഷസനും


കേശു ഒരു പാവപ്പെട്ട കുട്ടിയായിരുന്നു. വനത്തിനുള്ളിലെ ഒരു കൊച്ചു കുടിലിലായിരുന്നു അവണ്റ്റെ താമസ്സം. മാതാപിതാക്കള്‍ രോഗികളായിരുന്നു.കേശു ദിവസവും, അതിരാവിലെ തന്നെ തണ്റ്റെ കുട്ടയുമെടുത്ത്‌ കാടിനുള്ളിലേക്കു പോകും. പൂക്കളും കായ്കനികളും ശേഖരിക്കും, അത്‌ അടുത്തുള്ള ഗ്രാമത്തില്‍കൊണ്ടുവിറ്റ്‌ ആഹാരത്തിനുള്ള വകയുണ്ടാക്കും.

ഒരുദിവസം അവന്‍ അമ്മയോടുപറഞ്ഞു" അമ്മേ, ഇന്നു ഞാന്‍ വളരെ ദൂരെയുള്ള ഒരു സ്ഥലംവരെ പോകുകയാണ്‌. താമസ്സിച്ചാല്‍ അമ്മ വിഷമിക്കരുത്‌"
അവന്‍ സമര്‍ത്ഥനും ബുദ്ധിമാനും ആണെന്ന്‌ അമ്മയ്ക്ക്‌ അറിയാമായിരുന്നു.. അമ്മ അവനെ മൌനസമ്മതം നല്‍കി പറഞ്ഞയച്ചു. പോകുന്നതിനു മുന്‍പ്‌, വഴിയാത്രക്കിടയില്‍ തിന്നാനായി അപ്പമുണ്ടാക്കി പൊതിഞ്ഞ്‌ അവര്‍ മകണ്റ്റെ കൈയില്‍ കൊടുത്തു. കേശു അത്‌ ഭദ്രമായി തണ്റ്റെ ട്രൌസറിണ്റ്റെ വലതെ പോക്കറ്റില്‍ നിക്ഷേപിച്ചു.അവന്‍ കാട്ടിലിലൂടെനടന്നു പോകുമ്പോള്‍ ഒരു കുഞ്ഞുകിളിയെ കണ്ടു.അവന്‍ അതിനെ എടുത്ത്‌ ഇടത്തെ പോക്കറ്റിലിട്ടു.നടന്നു നടന്നു കൊടും കാട്ടിലെത്തി.എവിടെ നിന്നോ പുകപടലം അന്തരീക്ഷത്തിലേക്കുയര്‍ന്നു പൊങ്ങുന്നു.
അവന്‍ ചുറ്റും നോക്കി.അതാ-- ഒരു രക്ഷസന്‍, പച്ച മാംസം ചുട്ടു തിന്നുകൊണ്ടിരിക്കുന്നു .രാക്ഷസന്‍മാര്‍ മനുഷ്യരെ പിടിച്ചുതിന്നുവരാണെന്ന്‌ അവനറിയാം അവന്‍ പേടിച്ചു വിറച്ചു കൊണ്ടുനിന്നു.രക്ഷസന്‍ ക്രൂരമായി അവനെ ഒന്നു നോക്കി. അവന്‍ തൊഴു കൈയോടെ രക്ഷയ്ക്കായി യാചിച്ചു.
'ശരി നിന്നെ ഞാന്‍ രക്ഷിയ്ക്കാം. പക്ഷെ ഞാന്‍ കാണിച്ചു തരുന്ന മൂന്നു മത്സരങ്ങളില്‍ നീ നിണ്റ്റെ കഴിവ്‌ തെളിയിക്കണം എന്നിട്ട്‌ തോളില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ നിന്നും പണക്കിഴിയെടുത്ത്‌ കിലുക്കിക്കാണിച്ചു കൊണ്ടു പറഞ്ഞു.
' ഈ മൂന്നു മത്സരങ്ങളില്‍ നീ വിജയിച്ചാല്‍ ഈ സ്വര്‍ണ്ണനാണയം മുഴുവന്‍ നിനക്കു സ്വന്തമാകും.എന്നാാല്‍ നീ പരാജയപ്പെട്ടാല്‍ ആ നിമിഷം നിന്നെ ഞാന്‍ ആഹാരമാക്കും
'.
കേശു ചിന്തിച്ചു രാക്ഷസന്‍മാരെ നേരിട്ടു കൊല്ലാനോ കീഴ്പ്പെടുത്താനോ ആര്‍ക്കും സാധിക്കുകയില്ല. പിന്നെ വേണ്ടത്‌ ബുദ്ധിയും തന്ത്രവുമാണ്‌.അവന്‍ ധൈര്യം സംഭരിച്ചുനിന്നു. പെട്ടെന്ന്‌ രാക്ഷസന്‍ താഴേക്കു കുനിഞ്ഞു.നിലത്തുനിന്നും ഒരു കല്ലെടുത്ത്‌ കടിച്ചു പൊട്ടിച്ച്‌ ചവച്ചരച്ചുതിന്നു.കേശുവിനോടും അങ്ങനെ ചെയ്യുവാന്‍ അവന്‍ആജ്ഞാപിച്ചു.കേശു നിലത്തുനിന്നൂംകല്ലെടുക്കുന്ന മട്ടില്‍ മെല്ലെകുനിഞ്ഞ്‌ ,വലതുവശത്തെ പോക്കറ്റില്‍ കൈയിട്ട്‌ ,അപ്പമെടുത്തു. രാക്ഷസണ്റ്റെ ശ്രദ്ധയില്‍ പ്പെടാതെ വായിലേക്കിട്ട്‌ ചവച്ചരച്ചുതിന്നു അങ്ങനെ ഒന്നാമത്തെ മത്സരത്തില്‍ അവന്‍ വിജയിച്ചു..
രണ്ടാമത്തെ പരീക്ഷണത്തിനായി,രാക്ഷസന്‍ ഒരു മരച്ചില്ല ഒടിച്ചെടുത്തു.പിന്നെ അതു ദൂരത്തേക്കു വലിച്ചെറിഞ്ഞു.ചില്ല അങ്ങു ദൂരെ ചെന്നു പതിച്ചു.നമ്മുടെ കേശുവിണ്റ്റെ ഊഴമാണെനിയും.അവന്‍ ഒരു മരചില്ല ഒടിക്കുന്ന മട്ടിലില്‍ വലിയൊരു വൃക്ഷത്തിണ്റ്റെ മറവില്‍ നിന്നുകൊണ്ട്‌ ഇടതെ പോക്കറ്റില്‍ നിന്നും കിളിയെ കൈയിലെടുത്തു.രാക്ഷസണ്റ്റെ ശ്രദ്ധ ദൂരേക്കുതിരിച്ചു വിട്ടുകൊണ്ട്‌ കിളിയെ വിദൂരതയിലേക്കു പറത്തിവിട്ടു..കിളി പറന്നു പറന്നു പോയി.
രണ്ടാമത്തെ പരീക്ഷണത്തിലും കേശുതന്നെ ജയിച്ചു.
രാക്ഷസണ്റ്റെ മുഖത്ത്‌ അല്‍പം പേടി കേറിത്തുടങ്ങി.
എന്തായാലും മൂന്നാമത്തെ മത്സരത്തിനായി അവന്‍ തയ്യാറെടുത്തു. അതിനായി വലിയൊരു മരം അവന്‍ പിഴുതെടുത്തു.ചുവടുവശം തോളില്‍ താങ്ങിക്കൊണ്ടു രാക്ഷസന്‍ മരവുമായി മുന്‍പേ നടന്നു. നിറയെ ശിഖരങ്ങളുള്ള മറുവശം താങ്ങിക്കൊണ്ടു നടക്കാന്‍ കേശുവിനോട്‌ അവന്‍ ആജ്ഞാപിച്ചു.
കേശുവിണ്റ്റെ കുഞ്ഞു കരങ്ങള്‍ക്ക്‌ ആ വലിയ മരത്തിണ്റ്റെ ശിഖരങ്ങള്‍ താങ്ങാന്‍ കഴിയാതെ കേശു തണ്റ്റെ മുന്‍പില്‍ കീഴടങ്ങുതും അവനെ താന്‍ ആഹാരമാക്കുതുമൊക്കെ സ്വപ്നം കണ്ടുകൊണ്ട്‌ രാക്ഷസന്‍ മുമ്പോട്ടു നടന്നുഅതേ സമയം കേശു മരച്ചില്ലയൊന്നില്‍ ചാരിയിരുന്ന്‌ സുഖമായൊന്നു മയങ്ങി.ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ രാക്ഷസ്സന്‍ മരം താഴെയിട്ടു.കേശു ചാടിയെഴുന്നേറ്റ്‌ ചില്ല താങ്ങിപ്പിടിച്ചുകൊണ്ടുനിന്നു. മൂന്നു പരീക്ഷണങ്ങളിലും അവന്‍ വിജയിച്ചിരിക്കുന്നു.
രാക്ഷസന്‍ ചിന്തിച്ചു,ഇവന്‍ തീരെ ചെറുതെങ്കിലും,എന്നേക്കാള്‍ ശക്തിമാനാണ്‌ .ഇവിടെ നിന്നും ഇപ്പോള്‍തന്നെ ഓടി രക്ഷപെടണം.അങ്ങനെ രാക്ഷസന്‍ പണസഞ്ചിപോലും ഉപേക്ഷിച്ചിട്ട്‌ അവിടെനിന്നും ഓടിരക്ഷപെട്ടു.
പാവപ്പെട്ടവനായിരുന്ന കേശു വലിയൊരു പണക്കാരനായിട്ടാണ്‌ വീട്ടില്‍ തിരിച്ചെത്തിയത്‌.കേശു നടന്ന കാര്യങ്ങളെല്ലാം അവണ്റ്റെ അച്ഛനോടും അമ്മയോടും പറഞ്ഞു.സന്തോഷവും അഭിമാനവും കൊണ്ട്‌ അവരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. . പിന്നെ അവര്‍ സുഖമായി ജീവിച്ചു

അപ്പുക്കുട്ടാ,കേശുവിണ്റ്റെ കഥയില്‍ നിന്നും മോന്‍ എന്തെല്ലാം മനസ്സിലാക്കി.ഒരെണ്ണം അമ്മമ്മ പറഞ്ഞു തരാം ബാക്കി മോന്‍ പറയണം. . കേട്ടോ
1)ദൈവാനുഗ്രഹവും , ബുദ്ധിയും,അറിവും ഉണ്ടെങ്കില്‍ ആരേയും എന്തിനേയും കീഴടക്കുവാന്‍ നമുക്കു സാധിക്കും '