നീലാകാശത്തിനു താഴെ നീലിമല .നീലിമലയുടെതാഴെനീലത്തടാകം.
അതില്‍നിറയെ നീലത്താമരപ്പൂക്കള്‍. ആ താമരപ്പൊയ്കയിലായിരുന്നു വിക്കിയും കൂട്ടുകാരും നീന്തിക്കളിച്ചു നടന്നിരുന്നത്
താന്‍ എല്ലാം തികഞ്ഞവളാണെന്ന ഭാവം അവളെ ഒരിക്കല്‍ ഇങ്ങനെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിച്ചു".ഈ തടാകത്തില്‍ എപ്പോഴും ഒച്ചയും ബഹളവും തന്നെ.ഒന്നിനും ഒരു വൃത്തിയും വെടിപ്പുമില്ല.ഇവിടം വിട്ട് പോയേ തീരു.ശാന്തിയും സമാധാനവും തരുന്ന ,വൃത്തിയും വെടിപ്പുമുള്ള മറ്റൊരു തടാകം കണ്ടെത്തേണ്ടിയിരിക്കുന്നു".
ഈ അഭിപ്രായം കൂട്ടുകാരിയായ ബ്ളാക്കിയോടവള്‍ തുറന്നു പറഞ്ഞു.ബ്ളാക്കി അവളോടു പറഞ്ഞു,"എണ്റ്റെ വിക്കീ എന്തു സന്തോഷത്തോടെയാണ് നാം ഇവിടെ കഴിയുന്നത്.ബന്ധക്കാരും സ്വന്തക്കാരുമായി ജീവിക്കുന്നത് എത്ര മനോഹരമാണ്!!. ഞങ്ങളെ വിട്ടു പോകുന്നതില്‍ നിനക്കു ദുഃഖമില്ലേ?
പക്ഷെ അവള്‍ ആരുടേയും ഉപദേശം ചെവിക്കൊണ്ടില്ല. അവള്‍ മറ്റൊരു തടാകത്തിലേക്കു പോയി.അവള്‍ക്ക് മുട്ടയിടാന്‍ സമയമായപ്പോള്‍ തടാകക്കരയിലുള്ള വൃക്ഷച്ചുവട്ടില്‍ കൂടുകൂട്ടി .അതില്‍ മുട്ടയിട്ട് അടയിരുന്നു.അവള്‍ചിന്തിച്ചു" മുപ്പതുദിവസത്തിനുള്ളില്‍ മുട്ടവിരിഞ്ഞ് എണ്റ്റെ കുഞ്ഞുങ്ങള്‍ പുറത്തു വരും ,അപ്പോള്‍ എന്തു സന്തോഷമായിരിക്കും.എന്നിട്ട് എണ്റ്റെ മക്കളുമൊന്നിച്ച് സുഖമായി ഞാന്‍ ജീവിക്കും.ആരുടേയും സഹായമെനിക്കാവശ്യമില്ല".
ഒരു ദിവസം വിക്കി തീറ്റതേടി തടാകത്തിലേക്ക് പോയ നേരം. ഒരു നായ പാത്തും പുതുങ്ങിയും ,മണം പിടിച്ചുപിടിച്ച് വൃക്ഷച്ചുവട്ടിലെത്തി.മുട്ടയിലേക്ക് നോക്കി.അവണ്റ്റെ വായില്‍ വെള്ളമൂറി.വിക്കിയരയന്നം ഓടിപാഞ്ഞു വന്ന് നായുടെ നേരെ ചാടി വീണൂ.ഭാഗ്യം നായ അവിടെ നിന്നും ഓടിപ്പോയി.പിന്നീടൊരിക്കല്‍ ഒരു കുറുക്കന്‍ ആ വഴി വന്നു .അവന്‍ മുട്ടതട്ടിയെടുക്കാനുള്ള പല തന്ത്രങ്ങളും പ്രയോഗിച്ചു നോക്കി.സാധിച്ചില്ല.
പിന്നീടുള്ളദിവസങ്ങള്‍,വിക്കിക്ക് വേദനയുടെ ദിവസങ്ങളായിരുന്നു ഊണില്ല,ഉറക്കമില്ല.മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വാടിക്കൊഴിയുമോ?അന്ന് ആദ്യമായി അവള്‍ കൂട്ടുകാരെയോര്‍ത്തു . ഇപ്പോള്‍ അവര്‍ ഉണ്ടായിരുന്നെങ്കില്‍! തനിക്ക് എന്തു സഹായമാകുമായിരുന്നു, സന്തോഷമാകുമായിരുന്നു!!!അവരെയോര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു.
അങ്ങനെയിരിക്കെ ഒരിക്കല്‍ അവളുടെ കൂട്ടുകാരി ബ്ളാക്കി ആവഴി വന്നു.മരത്തിന്‍ ചുവട്ടില്‍ ആകെ ക്ഷീണിച്ചവശയായ വിക്കിയെ കണ്ടവള്‍ കരഞ്ഞു പോയി.കരച്ചിലടക്കിക്കൊണ്ട് ബ്ളാക്കി വിക്കി യോടു ചോദിച്ചു"എണ്റ്റെ പ്രീയകൂട്ടുകാരി, നിനക്കെന്തു സംഭവിച്ചു?നീ ആകെ ക്ഷീണിച്ച് പേടിച്ചരണ്ടവളെപ്പോലെയിരിക്കുന്നല്ലോ?നിണ്റ്റെ പ്രൌഢിയും ഭംഗിയുമൊക്കെ എവിടെപ്പോയൊളിച്ചു?നീ ഞങ്ങളേ വിട്ടു പോന്നതില്‍ ഞങ്ങള്‍ എന്തുമാത്രം വേദനിച്ചെന്നോ? പറയൂ .. നിണ്റ്റെ വിശേഷങ്ങള്‍,
എന്നിട്ടവള്‍ സ്നേഹത്തോടെ അരുമയോടെ വിരിയാറായിരിക്കുന്നമുട്ടയിലേക്കുനോക്കികൊണ്ടുനിന്നു.വിക്കി അവളുടെ ഭയത്തിണ്റ്റെ ,യാതനയുടെ കഥകള്‍ ബ്ളാക്കിയോടു പറഞ്ഞു.
ബ്ളാക്കി പറഞ്ഞു "എണ്റ്റെ വിക്കി നമ്മള്‍ ഒന്നിച്ചുനിന്നാല്‍ ഈഗതി നിനക്ക് വരുമായിരുന്നോ?ഒറ്റക്കെട്ടായി നിന്നാല്‍ എത്ര ബലമുള്ളശത്രുവിനേയും നമ്മുക്കു നേരിടാന്‍ സാധിക്കും.
"ഒന്നിച്ചു നിന്നാല്‍ ജയം ഭിന്നിച്ചു നിന്നാല്‍ പരാജയം " ?
വിക്കി എല്ലം കേട്ടു തല കുമ്പിട്ടിരുന്നു.തിരികെ പഴയ നീല ത്താമരക്കുളത്തിലേക്കു വരാനുള്ള തണ്റ്റെ ആഗ്രഹംഅവള്‍ബ്ളാക്കിയെ അറിയിച്ചു.ബുദ്ധിമതിയായ ബ്ളാക്കി പറഞ്ഞു."നീ ഇപ്പോള്‍ വരേണ്ട. ഞങ്ങള്‍ മാറി മാറി ഇവിടെ വന്ന് മുട്ടക്ക് കാവലിരിക്കാം. ''
വിക്കിയുടെ പേടിയും വിഷമവും മാറി.പിന്നീടുള്ള അവളുടെ ദിവസങ്ങള്‍ സന്തോഷത്തിണ്റ്റെ, പ്രതീക്ഷയുടെ, ദിവസങ്ങളായിരുന്നു.കൃത്യം മുപ്പതു ദിവസ്സത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ഓരോരുത്തരായി പുറത്തിറങ്ങി .



